25.10.10

കമ്പ്യൂട്ടര്‍മോണിറ്റര്‍ നിറത്തില്‍
കണ്ണുകള്‍
മൌസൊതുക്കത്തില്‍
കൈ വിരലുകള്‍.

അതില്‍ ചേര്‍ത്തു പിടിച്ച്
നിന്നില്‍ ഞാന്‍
എന്നെ വരയ്ക്കുന്നു.


8.4.10

നിസ്സഹായന്‍

പൂക്കളെയും മഞ്ഞിനെയും കുറിച്ചെഴുതി.
അരുവിയെയും മലകളെയും എഴുതി.
ഇരുള്‍, മഴ, വെയില്‍,
മണ്ണ്‌, ആകാശം, നിലാവ്,
എല്ലാറ്റിനെയും എഴുതി.

എന്നിട്ടും,
നിന്നെക്കുറിച്ച് മാത്രം
ഒരു വാക്ക് പോലും
എഴുതാനാവുന്നില്ലല്ലോ!!

27.3.10

ഭൂമിഗീതം

ചിറകുകള്‍ ഉയര്‍ത്തി
പക്ഷി ചോദിച്ചു:
വരുന്നോ പറക്കാന്‍?
നഗ്നനായി മലര്‍ന്നു കിടക്കുകയായിരുന്ന
ഞാന്‍ പറഞ്ഞു:
പറന്നു കഴിഞ്ഞു.

പക്ഷി
ചിറകൂരി
എന്റെ നെഞ്ജില്‍ വന്നിരുന്നു.

20.3.10

കാല്പനികന്‍

ഇഷ്ടമാണെന്നവള്‍ പറഞ്ഞ
ആ രാത്രിയിലാണ്
മുറ്റത്തെ ചെടികളിലെല്ലം
പൂക്കളുണ്ടായത്.
ചുവര്‍ ചിത്രത്തില്‍ നിന്ന് പൂമ്പാറ്റകള്‍
പറന്നു തുടങ്ങിയത്.
മഞ്ഞു തുള്ളികള്‍ ഇലകളെ ചുംബിച്ചത്.

ആ രാത്രിക്കു ശേഷമാണ്
ഭൂമിയിലെ എന്ടെ വേരുകള്‍
നഷ്ടപ്പെട്ടു പോയത്.

25.2.10

ഋതുഭേദം

അന്നേരം കാറ്റ്
ഞങ്ങളെ കടന്നു പോയി.
വസന്തമെന്ന് അവളും
ഗ്രീഷ്മമെന്ന് ഞാനും.

കാറ്റിന്ടെ കൈ പിടിച്ച്
അവള്‍ കടലിലേക്കിറങ്ങി.

മിന്നലേറ്റ് പാതി
കത്തിയെന്നു കേള്‍ക്കുന്നു.

പര്‍ദ്ദയണിഞ്ഞേ അവളിപ്പോള്‍
പുറത്തിറങ്ങാറുള്ളൂ.

23.2.10

ഉദ്ഘാടനം

വര്‍ഷങ്ങളോളം
ഉപയോഗ ശൂന്യമായി കിടന്ന,
അങ്ങാടിയിലെ
'പുരുഷ കുളിമുറി' യില്‍ കയറി
സുന്ദരിയായ പെണ്‍കുട്ടി മൂത്രമൊഴിച്ചു.


അതോടെ അവിടെ പ്രാവര്‍ത്തികമായി.

18.1.10

വീണ്ടെടുപ്പ്


പെണ്ണ് കാണാന്‍ പോയി
അങ്ങോട്ടുമിങ്ങോട്ടും ചിരിച്ച്
പുറത്തിറങ്ങിയപ്പോഴാണ്, നിഴലില്‍
കരിമ്പൂച്ചകളെ ആദ്യമായി കണ്ടത്.

ചായക്കടയില്‍
പത്രം മുഖം കൊണ്ട് മറച്ച്
ദുബായിലെ സാമ്പത്തിക മാന്ദ്യം
ഉറക്കെ വായിക്കുകയായിരുന്നു ഒരാള്‍.

ബസില്‍ നിന്നിറങ്ങുമ്പോള്‍
ആണിയില്‍ കൊളുത്തി കീറിയ മുണ്ടിന്‍റെ ഭാഗം
പ്രകടനത്തില്‍ പതാകയായി പോയി.

പെട്ടെന്ന് പെയ്ത ചാറ്റല്‍ മഴ
നനഞ്ഞു നടന്നപ്പോള്‍
'കുടയുണ്ടാവില്ല' എന്നടക്കം പറയുന്നത് കേട്ടു.

മടക്കയാത്രയെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.
വില്പനക്ക് വെച്ച സ്ഥലം തിരിഞ്ഞു നോക്കിയിട്ടില്ല.
കൈയില്‍ വാച്ചില്ല.
മൊബൈലിനു കാമറയില്ല.
ചേന, തേങ്ങ, മാങ്ങാത്തൊലി.

പിന്നൊരു വൈകുന്നേരമാണ്
'സ്കോര്‍പിയോ' വില്‍
ചില്ലുകള്‍ താഴ്ത്തി
ഇടയ്ക്കിടെ പവ്വര്‍ ബ്രേക്കിട്ട്
ഒറ്റയ്ക്ക്
അങ്ങാടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും
ചുറ്റിയത്.

പിറ്റേന്ന്
ഉണര്‍ന്നെണീറ്റപ്പോള്‍
വീടിനു ചുറ്റിലും പൂക്കളം.

11.1.10

വരന്‍റെ നക്ഷത്രം


അറിഞ്ഞതേയില്ല,

അമ്മാവന്‍റെ മുണ്ട് റോഡിലൂടെ വലിഞ്ഞ്
നാടിനെ മുഴുവന്‍ തറവാട്ടിലേക്ക്
കയറ്റിക്കൊണ്ടു പോയത്

ഉമ്മയ്ക്ക് മൂന്നു വിരലിനു
കുഴിനഖം ഉണ്ടെന്നത്

മൂത്ത അളിയന്‍റെ കണ്ണാടി
ഷേവ് ചെയ്യുമ്പോ വീണുടഞ്ഞു പോയത്

വീടിന്‍റെ ആധാരത്തില്‍ തല വെച്ച്
ഉപ്പ ഉറങ്ങിപ്പോയത്

അറിഞ്ഞതേയില്ല,
പെണ്‍വീട്ടിലെ കാക്കകള്‍
ഗവേഷണ പഠ നത്തിനായി
അങ്ങാടിയില്‍ സ്കൂള്‍ തുറക്കും വരെ..

2.3.08

സ്ത്രീ


കുഞ്ഞുങ്ങള്‍ മാത്രമുള്ള വീട്ടിലേക്ക്
ഒരു സ്ത്രീ കയറുന്നത് കണ്ടു.

അതിന് ശേഷം അവിടെ നിന്നു
കരച്ചില്‍ കേള്‍ക്കാതായി.

27.2.08

ചിത്രത്തില്‍ പതിയാത്തത്


കുററിയാടിപ്പാലത്തിനു മീതെ നിന്നു
ഫ്ലാഷ് ബട്ടനമര്‍ത്തിയപ്പോള്‍
ഫോട്ടോയില്‍ കുടുങ്ങിയത്:

ബസ്സിനടിയില്‍ ചതഞ്ഞു ചത്ത പട്ടി
കല്ലേറു കൊണ്ടു ചത്ത പൂച്ച
ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍
കോഴിക്കടയിലെ ചാക്ക്
കശാപ്പുശാലയിലെ പിണ്ടങ്ങള്‍
മീന്‍ ചല്ലി കുത്തിനിറച്ച
പ്ലാസ്ടിക് കവര്‍
പുഴവെള്ളം കുടിച്ചു ചരിഞ്ഞ ആന
ചാകാന്‍ പോകുന്ന പിറക്കാത്ത കുഞ്ഞ്
പഞ്ചായത്ത് ആപ്പീസിന്ടെ
ടോയിലറ്റ് സ്ലാബ്.

മാറി മാറി എടുത്തിട്ടും
പുഴ
ഫോട്ടോയില്‍ കുടുങ്ങുന്നില്ലല്ലോ!!

26.2.08

ഇരുട്ട്


മുറി മുഴുവന്‍ പ്രകാശം നിറഞ്ഞിരുന്ന
ഒരു തണുത്ത സന്ധ്യയില്‍
എന്‍റെ നനുത്ത കരം കൊണ്ട്
ഞാനവളെ സ്പര്‍ശിച്ചു.


ഇപ്പോള്‍ എനിക്ക് ചുറ്റും ഇരുട്ട്.

കൂട്ട്പൂന്തോട്ടം കണ്ടു മടങ്ങുമ്പോള്‍
ഒരു പൂവ്
കമ്പും ഇലകളും വിട്ട്
എന്നോടൊപ്പം കൂടി.

വാടി കരിയുവോളം
ഞാന്‍
അതിനെ ചുംബിച്ചു കൊണ്ടിരുന്നു.


ശേഷം
ഉപേക്ഷിച്ചു.

24.2.08

ചിറകുകള്‍

പക്ഷികളെപ്പോലെ
എനിക്കും
ചിറകുണ്ടായിരുന്നെങ്കില്‍
ഞാനീ ഭൂമി വിട്ടു
പറന്നു പോകുമായിരുന്നില്ല.